കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവപറമ്പിൽ ഒരു തുള്ളി കണ്ണീരും കടുത്ത ഭീതിയുമായി ഒരാൾ ബാക്കിയുണ്ട്—ബാലു. ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്‌ക്കിടെ വെറുതെ നൃത്തം ചെയ്തു എന്ന ഒരൊറ്റ കാരണത്താൽ ക്രൂരമായ മർദനത്തിനിരയായ ഈ വൃദ്ധന്റെ നിസഹായത ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറംലോകം അറിഞ്ഞിരിക്കുകയാണ്.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്‌ക്കിടെ സ്റ്റേജിന് മുൻവശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ആസ്വദിച്ച് നൃത്തം ചെയ്യുകയായിരുന്നു ബാലു. ഈ സമയം യാതൊരു പ്രകോപനവുമില്ലാതെ പിന്നിലൂടെ വന്ന ഒരു യുവാവ് കസേര കൊണ്ട് ബാലുവിന്റെ മുഖത്തടിക്കുകയായിരുന്നു. ഈ അക്രമത്തിൽ ബാലുവിന്റെ മുൻപല്ല് ഇളകുകയും ചുണ്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എന്തിനാണ് തല്ലിയതെന്ന് അറിയില്ലെന്നും ബാലു നിറകണ്ണുകളോടെ പറയുന്നു. എന്നാൽ അക്രമിക്കെതിരെ പരാതി നൽകാൻ അദ്ദേഹം ഭയപ്പെടുകയാണ്. ”എന്നെ ചോദിക്കാനും പറയാനും ആരുമില്ല. കുപ്പി പെറുക്കിയാണ് ഞാൻ ജീവിക്കുന്നത്. രാത്രി ബീച്ചിലോ പാർക്കിലോ ആണ് ഉറങ്ങുന്നത്. പരാതി കൊടുത്താൽ അവർ രാത്രി വന്ന് എന്നെ വകവരുത്തിയാലോ? എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതൊരു അനാഥപ്രേതമായി അവിടെ കിടക്കേണ്ടി വരും,” ബാലുവിന്റെ വാക്കുകളിൽ മരണം വരെയുള്ള ഭയം നിഴലിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് ബാലുവിന്റെ ദുരവസ്ഥ പുറത്തെത്തിച്ചത്. സഹായിക്കാൻ ആരുമില്ലാത്തതിനാൽ നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണ് ഈ മനുഷ്യൻ. അനാഥനാണെന്ന കാരണത്താൽ ഒരാളെ ഉത്സവപറമ്പിൽ ഇട്ട് പരസ്യമായി മർദിച്ച അക്രമിക്കെതിരെ നിയമനടപടി വേണമെന്നും ബാലുവിന് സംരക്ഷണം നൽകണമെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം. ഈ നിസഹായനായ വൃദ്ധന് നീതി ലഭിക്കാൻ അധികാരികൾ ഇടപെടുമോ എന്നാണ് ഇനി അറിയേണ്ടത്.















