കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ വിയോഗത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഡോ. എം.കെ. റാമിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. വൈറ്റ് കോട്ടുകള്‍ ഊരിമാറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഓറല്‍ പാത്തോളജി വിഭാഗം മേധാവിയെ പുറത്താക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിതരായത്.
തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ക്ലാസ് ബഹിഷ്കരണം വ്യാഴാഴ്ചയും ശക്തമായി തുടര്‍ന്നു. നഴ്സിങ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ അണിനിരന്നു. കുത്തിയിരിപ്പ് സമരവും പ്രതിഷേധ പ്രകടനങ്ങളും ക്യാമ്പസിനെ സ്തംഭിപ്പിച്ചു. ഡോ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇതേ ആവശ്യം ആവര്‍ത്തിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഡോ. റാം ജാതീയമായി അധിക്ഷേപിച്ചതാണ് മകന്റെ മരണത്തിന് കാരണമെന്ന് നിതിന്റെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം, ആത്മഹത്യയ്ക്ക് പിന്നില്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ ഉണ്ടോയെന്ന കാര്യവും പോലീസ് സമാന്തരമായി അന്വേഷിക്കുന്നുണ്ട്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവര്‍ പോലീസിനെ വെട്ടിച്ച് ഒളിവിലാണ്. പ്രതിഷേധം ശക്തമായതോടെ റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് നേരത്തെ ഉറപ്പുനല്‍കിയിരുന്നെങ്കിലും വൈകിട്ടോടെയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്ട്രീയ-വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്നും ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. അധ്യാപകനെ പുറത്താക്കിയെങ്കിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമ്മര്‍ദ്ദം തുടരാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.















