കായംകുളം: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റിലായി. കായംകുളം കീരിക്കാട് സ്വദേശിയായ യൂസഫ് കുട്ടി (56) ആണ് പിടിയിലായത്. പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി.
ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കായംകുളത്തെ വീട്ടിലെത്തിച്ച് കൈകാലുകൾ കെട്ടിയിട്ട ശേഷം ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ സാരമായ മുറിവുകളേറ്റിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും പേരിൽ കടുത്ത ശാരീരിക പീഡനമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്.
കേസിലെ ബന്ധുവായ ഒന്നാം പ്രതിയുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇയാൾ നിലവിൽ മറ്റൊരു പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിൽ റിമാൻഡിലാണ്. ഒന്നാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കായംകുളം പോലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.















