മറയൂർ: അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലേക്ക് കാട്ടുതീ പടർന്നു. കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളേജിലാണ് സംഭവം. അധ്യാപകരുടെയും വിദ്യാർഥികളുടെയും സമയോചിതമായ ഇടപ്പെടലിൽ വലിയ ദുരന്തം ഒഴിവായി. ഒരുനിമിഷത്തെ ശ്രദ്ധക്കുറവുണ്ടായെങ്കിൽ കോളേജ് കെട്ടിടം മുഴുവനായും കാട്ടുതീയിൽ ഇല്ലാതാകുമായിരുന്നു.
വിദ്യാർഥികളടക്കം 150-ൽ അധികംപേർ കോളേജിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങുവാൻ കഴിയാത്തവിധം കെട്ടിടത്തിന് ചുറ്റും തീ പടർന്നിരുന്നു. ഉച്ചയ്‌ക്ക് ലഞ്ച് ബ്രേക്ക് സമയത്ത് ഏകദേശം ഒന്നരമണിയോടുകൂടിയാണ് പ്രിൻസിപ്പൽ ജി. ശ്രീകുമാറിനും ജീവനക്കാരൻ എസ്.ഇന്ദ്രജിത്തിനും വയർ കരിയുന്ന ഗന്ധം ലഭിച്ചത്. സംശയംതോന്നി പെട്ടെന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് അന്തരീക്ഷത്തിൽ പുകപടലങ്ങൾ ഉയരുന്നത് കണ്ടത്.
തുടർന്ന് ഓഫീസിന് പുറകിൽ താഴെനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. കോളേജ് സ്ഥാപിച്ചിരിക്കുന്നത് ഒരു കുന്നിൻമുകളിലാണ്. മൂന്നുവശവും വലിയചരിവായതിനാൽ കാറ്റിന്റെ ശക്തിയും കൂടുതലാണ്. അതിനാൽ നിമിഷനേരം കൊണ്ടാണ് തീ മുകളിലേക്ക് പടർന്നത്. കോളേജ് കെട്ടിടത്തിന്റെ ടെറസിൽകിടന്ന കരിയിലകൾക്ക് തീപിടിച്ചു. കൂടാതെ ഉപേക്ഷിച്ചിട്ടിരുന്ന പ്ളാസ്റ്റിക് കസേരകൾക്കും കുടിവെള്ള പൈപ്പിനും വൈദ്യുതി സർവീസ് വയറുകളിലേക്കും ഒ.എഫ്.സി. കേബിളുകൾക്കും തീ പിടിക്കുകയായിരുന്നു.
ഉടൻ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചിക്കുകയും ടെറസിലും മറ്റും കിടന്നിരുന്ന കത്തുവാൻ സാധ്യതയുള്ള സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കുമാറ്റുകയും ചെയ്തു. സമീപമുള്ള ടാങ്കിൽ നിന്നും പൈപ്പിൽനിന്നും വെള്ളമെത്തിച്ച് വിദ്യാർഥികൾ കോളേജ് കെട്ടിടത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ മറുവശത്ത് തീ വീണ്ടും പടരുകയായിരുന്നു. മറയൂർ പോലീസ് സംഘത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വിദ്യാർത്ഥികളുടെയും ഉദ്യേഗസ്ഥരുടെയും വേഗത്തിലുളള ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് പ്രിൻസിപ്പൽ ഡോ.ജി. കൃഷ്ണകുമാർ പറഞ്ഞു.















