കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എന്‍ജിന്‍ റൂമിലുണ്ടായ വാതകചോര്‍ച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവനെടുത്തു. ബംഗാള്‍ സ്വദേശിയായ ഷഹദേബ് ദാസ് ആണ് മരണപ്പെട്ടത്. ‘ആയിഷ’ എന്ന ബോട്ടിലെ മറ്റ് മൂന്ന് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീരത്തുനിന്ന് ഏകദേശം പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളില്‍ നാലുപേര്‍ എന്‍ജിന്‍ റൂമിലെ വെള്ളക്കെട്ട് പരിശോധിക്കാനായി താഴേക്ക് ഇറങ്ങിയതായിരുന്നു. എന്നാല്‍ എന്‍ജിന്‍ റൂമിനുള്ളില്‍ തളംകെട്ടി നിന്ന പുകയോ അതല്ലെങ്കില്‍ മാരകമായ മറ്റേതെങ്കിലും വാതകമോ ശ്വസിച്ച ഉടന്‍ തന്നെ ഇവര്‍ ബോധരഹിതരായി വീഴുകയായിരുന്നു.
യഥാസമയം ബോട്ട് കരയ്‌ക്കെത്തിച്ച് മറ്റ് തൊഴിലാളികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹദേബ് ദാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. എന്‍ജിന്‍ റൂമില്‍ അസ്വാഭാവികമായി ഗ്യാസ് രൂപപ്പെടാനുള്ള സാഹചര്യം അധികൃതര്‍ പരിശോധിച്ചു വരികയാണ്.















