റിയാദ്/ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് സൗദിയിലെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്നലെ റിയാദിലെത്തിയ അജിത് ഡോവല്‍ സൗദിയിലെ പ്രമുഖരുമായി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സൗദി ഊര്‍ജ്ജ മന്ത്രി രാജകുമാരന് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനുമായി ഊര്‍ജ്ജ മേഖലയിലെ സഹകരണത്തെക്കുറിച്ച് സംസാരിച്ചു.
വിദേശകാര്യ മന്ത്രി രാജകുമാരന് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തി. സൗദി എന്‍.എസ്.എ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസായിദ് അല്‍-ഐബാനുമായി മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാനും സൗദി രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. സൗദ് അല്‍-സതിയും ചേര്‍ന്ന് ഡോവലിനെ സ്വീകരിച്ചു.
ആഗോള തലത്തില്‍ ഇന്ത്യ നടത്തുന്ന സജീവമായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം. ഇതിന് തൊട്ടുമുമ്പ് ഏപ്രില്‍ 17-ന് അജിത് ഡോവല്‍ യുക്രെയ്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി റുസ്തം ഉമറോവുമായി ചര്‍ച്ച നടത്തിയിരുന്നു. റഷ്യ-യുക്രെയ്ന് സംഘര്‍ഷം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആ ചര്‍ച്ചയിലും അദ്ദേഹം ആവര്‍ത്തിച്ചു.
മേഖലയിലെ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















