ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഇന്ന് വൈകിട്ടായിരുന്നു അദ്ദേഹം കുടുംബ സമേതം ഗുരുവായൂർ ദർശനത്തിന് എത്തിയത്. അതീവ രഹസ്യസ്വഭാവത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മകന്റെയും കുടുംബത്തിന്റെയും സന്ദർശനം. ദേവസ്വം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദർശനം
ക്ഷേത്രത്തിലെത്തിയ ജനം ടിവി റിപ്പോർട്ടർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം സുരക്ഷാ ജീവനക്കാർ ജനം ടിവി റിപ്പോർട്ടറെ വളയുകയും തടയുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ പിടിച്ചുതള്ളുകയും ക്യാമറയിലുണ്ടായിരുന്ന ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. ജനം ടിവിയുടെ ഗുരുവായൂര്‍ പ്രതിനിധി രാജു ഗുരുവായൂരിനാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിയുടെ മകന്റെ ദർശനം രഹസ്യമായി സൂക്ഷിക്കാനുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ നീക്കവും, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ തടഞ്ഞതും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ദർശനം. സാധാരണഗതിയിൽ വിഐപികൾ ക്ഷേത്രത്തിലെത്തുമ്പോൾ മാധ്യമങ്ങളെ അറിയിക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ വിവേക് കിരണിന്റെ വരവ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്തത് .
വിവേക് കിരണിന്റെ ദർശനം പുറംലോകം അറിയാതിരിക്കാൻ ദേവസ്വം അധികൃതർ കാണിച്ച അമിത താല്പര്യം ക്ഷേത്രപരിസരത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ രംഗത്തെത്തി.














