ശ്രീനഗർ: ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ വൻ ശൃംഖല തകർത്തുകൊണ്ട് ജമ്മു കശ്മീർ പോലീസ് വലിയ വിജയം കൈവരിച്ചു. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ലഷ്കർ ഭീകരനായ പാക് ഭീകര കമാൻഡർ അബു ഹുറൈറ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. വർഷങ്ങളോളം സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇയാൾ.
പലപേരുകളിൽ പലജോലികൾ തിരഞ്ഞെടുത്ത് പ്രാദേശികമായി ഓരോയിടത്തും അവരിലെരാളായി കഴിയുക എന്നതായിരുന്നു ലഷ്കർ ഭീകരരുടെ ലക്ഷ്യം. 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരിൽ അബു ഹുറൈറയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. അബു ഹുറൈ ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഈ നടപടിയിൽ അറസ്റ്റിലായത്.
2010-ഓടെയാണ് അബു ഹുറൈറ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. വർഷങ്ങളോളം കശ്മീർ താഴ്വരയിൽ സജീവമായിരുന്ന ഇയാൾ പിന്നീട് അപ്രത്യക്ഷനാവുകയും തിരിച്ചറിയപ്പെടാതിരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു. വിവിധ ഇടങ്ങളിൽ പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ഇയാൾ ഭീകരൻ ഉമർ ഹാരിസിന്റെ അടുത്ത അനുയായികളുമായി ബന്ധം സ്ഥാപിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പെയിന്റർ, ഇലക്ട്രീഷ്യൻ ജോലികൾ ചെയ്ത ശേഷം പഞ്ചാബിലെ മലേർകോട്ല ഗ്രാമത്തിലേക്ക് താമസം മാറി. ഇതിനിടയ്‌ക്ക് ഹോട്ടൽ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് യുട്യൂബിൽ നിന്ന് ഓഹരി വ്യാപാരത്തെക്കുറിച്ചറിഞ്ഞ് അതിലേക്കിറങ്ങുകയായിരുന്നു. ഇയാൾ അറസ്റ്റിലാകുമ്പോൾ ഡീമാറ്റ് അക്കൗണ്ടിൽ 50,000 രൂപയിൽ കൂടുതലുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
















