തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തി. കെട്ടിട നിർമാണത്തിന്‍റെ പേരിൽ മാഫിയ സംഘങ്ങൾ കുന്നുകളിടിച്ച് വൻ തോതിൽ മണ്ണ് കടത്തുന്നും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ ഇതിന് കൂട്ടു നിൽക്കുന്നുവെന്നുമാണ് കണ്ടെത്തൽ.
4.69 ലക്ഷം രൂപയാണ് മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നും ഉദ്യോഗസ്ഥർ യുപിഐ മുഖേന കൈപ്പറ്റിയത്. കൈക്കൂലി വാങ്ങിയ 14 ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി. വിജിലൻസിന്‍റെ ഓപ്പറേഷൻ എർത്ത് ഗാർഡിലാണ് വൻ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്.
72 ഓഫീസുകളിലും മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയ 360 സ്ഥലങ്ങളിലുമാണ് ഇന്നലെ പരിശോധന നടന്നത്. മൈനിങ് ആന്‍റ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ക്ലർക്ക്, ടെക്നിക്കൽ അസിസ്റ്റന്‍റ്, മിനറൽ റവന്യൂ ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി മുതൽ ഡ്രൈവർമാർ വരെ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടരാനാണ് വിജിലൻസ് തീരുമാനം .കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്.















