തൃശ്ശൂര്‍: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിര്‍മ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തെക്കുറിച്ച് വിശദമായ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. തൃശ്ശൂര്‍ ആര്‍.ഡി.ഒ (സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്) ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അപകടകാരണം, സുരക്ഷാവീഴ്ചകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
സ്ഫോടനസമയത്ത് നാല്‍പ്പതോളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ 23 പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. വെടിക്കെട്ട് ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീഷും പരിക്കേറ്റ് ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായി രംഗത്തുണ്ട്.
സഹായങ്ങള്‍ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 8075011853. ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കി.
തൃശ്ശൂര്‍ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. അപകടകാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തും. പൂരനഗരിയില്‍ കരിമരുന്ന് പ്രയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഇത്തരം ഒരു അപകടമുണ്ടായത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.















