വാഷിംഗ്ടണ്‍: ഇറാന്റെ മേലുള്ള സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും വെടിനിര്‍ത്തല്‍ നീട്ടാനും അമേരിക്ക തീരുമാനിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇറാന്‍ നേതൃത്വം ഒരു ഏകീകൃത നിര്‍ദ്ദേശവുമായി മുന്നോട്ട് വരുന്നത് വരെ സൈനിക ആക്രമണം നടത്തില്ല. എന്നാല്‍ ഇറാന്റെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തമായ സമാധാന നിര്‍ദ്ദേശം ലഭിക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരാന്‍ സൈന്യത്തിന് ട്രംപ് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഇറാന്റെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരും. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നിശ്ചയിച്ചിരുന്ന ഇസ്ലാമാബാദ് യാത്ര റദ്ദാക്കി. അദ്ദേഹം വാഷിംഗ്ടണില്‍ തന്നെ തുടരും. നയതന്ത്ര ചര്‍ച്ചകള്‍ക്ക് സമയം അനുവദിച്ച ട്രംപിന്റെ തീരുമാനത്തെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സ്വാഗതം ചെയ്തു. അമേരിക്കയുടെ ഉപരോധം യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഇതിനിടെ, പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി.
അമേരിക്കയുടെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് സമയനഷ്ടമാണെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ നീട്ടിയത് അപ്രതീക്ഷിതമായി ആക്രമിക്കാനുള്ള ട്രംപിന്റെ തന്ത്രമാണെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കറുടെ ഉപദേശകന്‍ ആരോപിച്ചു. തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് ബോംബാക്രമണത്തിന് തുല്യമാണെന്നും ഇതിന് സൈനികമായി മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇറാന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദം തുടരാനാണ് അമേരിക്കയുടെ നീക്കം. ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചര്‍ച്ചകളില്‍ ഇറാന്റെ നിലപാട് നിര്‍ണ്ണായകമാകും. അതേസമയം, വരും മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.















