ന്യുഡൽഹി: എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും, അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള. ശബരിമല കേസുമായി ബന്ധപ്പെട്ട വിശ്വാസവും മൗലികാവകാശങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ. പ്രവാചകന്റെ കാലം മുതൽ മുസ്ലീം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനോ നിസ്കരിക്കുന്നതിനോ വിലക്കില്ലെന്നും എന്നാൽ പ്രാർത്ഥന നടത്തുന്ന രീതി സംബന്ധിച്ച് കൃത്യമായ ആചാരങ്ങൾ നിലവിലുണ്ടെന്നും ജസ്റ്റിസ് അമാനുള്ള പറയുന്നു.
മുസ്ലീം സ്ത്രീകൾ വീട്ടിലിരുന്ന് നിസ്കരിക്കുന്നതിന് മുൻഗണന നൽകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കുടുംബപരമായ ഉത്തരവാദിത്തങ്ങളാണ്. ഒരു കുടുംബത്തിലെ മുതിർന്ന അംഗങ്ങളെല്ലാം നിസ്കാരത്തിനായി പള്ളിയിൽ പോയാൽ കുട്ടികളെ ആര് പരിചരിക്കും. പള്ളികളിൽ സ്ത്രീകൾക്കായി പ്രത്യേക സ്ഥലം നിശ്ചയിക്കുന്നത് കഴിഞ്ഞ 1,200 വർഷമായി നിലനിൽക്കുന്ന ആചാരങ്ങളുടെ ഭാഗമാണെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
പള്ളികളിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥലം അനുവദിച്ചതിനെ ചോദ്യം ചെയ്യാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദിന്റെ വാദം. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും സ്ത്രീകൾ വീട്ടിലിരുന്ന് നിസ്കരിക്കുന്നത് സ്വന്തം താൽപര്യപ്രകാരമാണെന്നും അഭിഭാഷകൻ പറയുന്നു.















