തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലെ സ്പായിൽ ജോലി ചെയ്തിരുന്ന 2 ബംഗ്ലാദേശി സ്ത്രീകൾ പോലീസിന്റെ പിടിയിൽ. എ ടി എസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗ്ലാദേശുകാരായ സ്ത്രീകൾ വെസ്റ്റ് ബംഗാൾ സ്വദേശികൾ എന്ന പേരിൽ വ്യാജ രേഖയുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ജോലി ചെയ്തിരുന്ന സ്പായുടെ നടത്തിപ്പുകാരും കസ്റ്റഡിയിലാണ്.
ബംഗ്ലാദേശ് സ്വദേശികളായ റുമ ചർണാഭ, റിമ ഷെയ്‌ക്ക് എന്നിവരാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്. ഇടപ്പഴഞ്ഞിയിലെ സ്പായിൽ ഇവർ രണ്ടു പേരും ജോലി ചെയ്ത് വരികയായിരുന്നു. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലീസ് പിടികൂടി. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്. മ്യൂസിയം പോലീസ് കേസെടുത്തു.ഇമിഗ്രേഷൻ ഫോറിനേഴ്സ് നിയമപ്രകാരമാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.
ഇടപ്പഴഞ്ഞി ജഗതിയിലെ പോൾ വെൽനസ് സ്പായിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പാസ്പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെയാണ് ഇവർ ഇവിടെ കഴിഞ്ഞുകൂടിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരുടെ സഹായത്തോടു കൂടിയാണോ ഇവർ എത്തിയത് എന്നതിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.















