ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ലയിച്ചതിന് പിന്നാലെ മുന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഭയം കൊണ്ടല്ല, മറിച്ച് പാര്‍ട്ടിയുടെ നിലപാടുകളില്‍ മനംമടുത്താണ് താന്‍ പടിയിറങ്ങിയതെന്ന് ഛദ്ദ വ്യക്തമാക്കി. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ രക്തവും വിയര്‍പ്പും ഒഴുക്കിയ യഥാര്‍ത്ഥ ദേശാഭിമാനികള്‍ ഒന്നൊന്നായി ആം ആദ്മി പാര്‍ട്ടിയെ ഉപേക്ഷിക്കുകയാണെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
‘സത്യസന്ധരും കഠിനാധ്വാനികളുമായ വ്യക്തികള്‍ക്ക് ഇനി ആ പാര്‍ട്ടിയില്‍ സ്ഥാനമില്ല. ആരും കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കാത്ത തെറ്റായ പാതയിലൂടെയാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സഞ്ചാരം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ‘തെറ്റായ പാര്‍ട്ടിയിലെ ശരിയായ മനുഷ്യന്‍’ എന്ന തോന്നലായിരുന്നു എനിക്ക്.’ – രാഘവ് ഛദ്ദ പറഞ്ഞു. നേതൃത്വത്തിന്റെ അഴിമതികളിലോ കുറ്റകൃത്യങ്ങളിലോ താന്‍ പങ്കാളിയല്ലാതിരുന്നതിനാലാണ് പാര്‍ട്ടിക്കുള്ളിലെ ‘അടുക്കളക്കൂട്ടത്തില്‍’ തനിക്ക് ഇടം ലഭിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഘവ് ഛദ്ദയ്‌ക്കൊപ്പം അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നീ ഏഴ് രാജ്യസഭാ എംപിമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭയിലെ പത്ത് എംപിമാരില്‍ ഏഴ് പേരും ബിജെപിയില്‍ ലയിച്ചതോടെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നുള്ള സംരക്ഷണം ഇവര്‍ക്ക് ലഭിക്കും. ആകെയുള്ളതിന്റെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങള്‍ ലയിക്കുന്നതിനാല്‍ ഇവരുടെ അംഗത്വം റദ്ദാക്കാനാവില്ല.
അതേസമയം, എംപിമാരുടെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ലയിച്ച എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി. എന്നാല്‍, പാര്‍ട്ടി അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് തങ്ങള്‍ ഒന്നിച്ച് ഈ തീരുമാനമെടുത്തതെന്ന് ഛദ്ദ വ്യക്തമാക്കി.
രാഷ്‌ട്രീയം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ ഊര്‍ജ്ജവും അനുഭവപരിചയവും ഉപയോഗിച്ച് ക്രിയാത്മകമായ രാഷ്‌ട്രീയം ചെയ്യുകയോ എന്ന രണ്ട് വഴികളേ തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.















