തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് അനുവദിച്ച് ദക്ഷിണ റെയില്‍വേ. കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് അടിയന്തരമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. പൂരപ്രേമികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുത്ത റെയില്‍വേ മന്ത്രാലയത്തിന് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു.
ഏപ്രില്‍ 26 ഞായറാഴ്ചയാണ് പൂരത്തിനായുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പന്ത്രണ്ട് കോച്ചുകളുള്ള അണ്‍റിസര്‍വ്ഡ് മെമു റാക്കുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കൊല്ലം – തൃശ്ശൂര്‍ സ്‌പെഷ്യല്‍ (06187) ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ 08:20-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 01:30-ന് തൃശ്ശൂരിലെത്തും. തൃശ്ശൂര്‍ – കൊല്ലം സ്‌പെഷ്യല്‍ (06188) ഞായറാഴ്ച രാത്രി 09:30-ന് തൃശ്ശൂരില്‍ നിന്ന് തിരിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 02:30-ന് കൊല്ലത്ത് എത്തും.
പൂരത്തിന് എത്തുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം നോര്‍ത്ത്, ആലുവ, ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങി കൊല്ലത്തിനും തൃശ്ശൂരിനുമിടയിലുള്ള 28-ഓളം സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നതാണ്. പൂരദിവസം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷിതമായി മടങ്ങാനും ഈ സ്‌പെഷ്യല്‍ സര്‍വീസ് വലിയ സഹായമാകും.















