നെയ്യാറ്റിന്‍കര: കുടുംബവഴക്കിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ് പ്രതിയായ വിഷ്ണു. ഇരുവരും വിവാഹിതരായിട്ട് ഒമ്പതു വര്‍ഷമായി. ഇവർക്ക് മക്കളില്ല.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും, ദമ്പതികൾക്കിടയിലുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരടക്കം എത്തി കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. പ്രതിയെ നിലവിൽ പൊലീസ് ചോദ്യം ചെയ്തു വരുന്നു.















