ന്യൂഡല്‍ഹി: വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വാസം രേഖപ്പെടുത്തി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംഭവത്തെ ശക്തമായി അപലപിച്ചു.
‘വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്. അവരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി ആശംസകള്‍ നേരുന്നു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണം,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ശനിയാഴ്ച രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സെലിബ്രിറ്റികളും പങ്കെടുത്ത ചടങ്ങിലായിരുന്നു വെടിവെപ്പ്. അതീവ മാരകമായ ആയുധം ഉപയോഗിച്ച് നാലോ അഞ്ചോ റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. തോക്കഭ്യാസം ഉണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ഇത് ഹാളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തു വീഴ്‌ത്തി സംരക്ഷിച്ചതായി ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തന്നെ വധിക്കാന്‍ ശ്രമിച്ചയാളാണ് ഇതെന്ന് ട്രംപ് വിശേഷിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ല്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ ട്രംപ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞു. ആക്രമണകാരിയെ വേഗത്തില്‍ കീഴ്‌പ്പെടുത്താന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘വളരെ ശക്തമായ ആയുധവുമായാണ് അക്രമി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റില്‍ വെടിയേറ്റെങ്കിലും അദ്ദേഹം സുരക്ഷിതനാണ്. സുരക്ഷാ ചെക്ക് പോയിന്റ് മറികടന്ന് എത്തിയ അക്രമിയെ ധീരരായ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തടഞ്ഞു,’ ട്രംപ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും കര്‍ശനമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















