തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയരുന്ന വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊടുംവേനലില്‍ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, രാത്രികാലങ്ങളില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെയുള്ള ‘പീക്ക്’ സമയങ്ങളിലാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ടത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഏപ്രില്‍ 18-ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. അന്ന് രാത്രി പീക്ക് സമയത്തെ ആവശ്യകത 6033 മെഗാവാട്ടായിരുന്നത് ഏപ്രില്‍ 23-ഓടെ 6195 മെഗാവാട്ടായി ഉയര്‍ന്നു. പുറത്തുനിന്നുള്ള വൈദ്യുതിയും ആഭ്യന്തര ഉല്‍പ്പാദനവും പരമാവധി പ്രയോജനപ്പെടുത്തിയിട്ടും പലയിടങ്ങളിലും അമിതഭാരം മൂലം വോള്‍ട്ടേജ് കുറവും പ്രാദേശിക തടസ്സങ്ങളും നേരിടുന്നുണ്ട്.
അപ്രതീക്ഷിതമായ ലോഡ് ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 11 മണി വരെ വാഷിംഗ് മെഷീന്‍, മിക്സി, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, പമ്പ് സെറ്റ് തുടങ്ങിയ വൈദ്യുതി അധികം വേണ്ട ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നവര്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ ക്ലിപ്തപ്പെടുത്തുന്നത് ഊര്‍ജ്ജ ലാഭത്തിന് സഹായിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമുള്ള സമയത്തേക്ക് മാറ്റുക. ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫാക്കി വൈദ്യുതി ബില്ലും ഊര്‍ജ്ജ പ്രതിസന്ധിയും കുറയ്‌ക്കാന്‍ പങ്കാളികളാവുക. വരാനിരിക്കുന്ന കടുത്ത വേനല്‍ ദിനങ്ങളില്‍ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിതരണ ശൃംഖല തകരാറിലാകുമെന്നും ഇത് വലിയ പവര്‍കട്ടിലേക്ക് നയിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.















