ന്യൂഡൽഹി: നക്സൽ വിരുദ്ധ പോരാട്ടത്തിന്റെ വിജയത്തിന് പിന്നാലെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം 2029-ഓടെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. പതിറ്റാണ്ടുകളായി ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരതയെ ഇക്കഴിഞ്ഞ മാർച്ചിലാണ് കേന്ദ്രസർക്കാർ വിജയകരമായി തുടച്ചുനീക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘സീറോ ടോളറൻസ്’ നയത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, സുരക്ഷാ സേനയെയും മറ്റ് വിഭവങ്ങളെയും വടക്കുകിഴക്കൻ മേഖലകളിലേക്ക് കേന്ദ്രീകരിക്കാനാണ് സർക്കാർ തീരുമാനം.
2024-ൽ വടക്കുകിഴക്കൻ മേഖലയിൽ നടന്ന അക്രമങ്ങളിൽ 77 ശതമാനവും മണിപ്പൂരിലായതിനാൽ ആ സംസ്ഥാനത്തിനായിരിക്കും ആദ്യ പരിഗണന. നക്സൽ വിരുദ്ധ പോരാട്ടങ്ങളിൽ പരിശീലനം ലഭിച്ച ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധരായ യൂണിറ്റുകളെ വടക്കുകിഴക്കൻ മേഖലകളിൽ വിന്യസിക്കും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നത് തടയാനായി മയക്കുമരുന്ന് കടത്തിനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കും. നക്സൽ വിരുദ്ധ പോരാട്ടത്തിന് വിന്യസിച്ചിരുന്ന സേനയെ ഘട്ടം ഘട്ടമായി മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് മാറ്റും. നക്സൽ മേഖലകളിൽ നടപ്പിലാക്കിയ മാസ് സറണ്ടർ( കൂട്ടത്തൊടെയുള്ള ആയുധം വച്ച് കീഴടങ്ങൽ) പോലുള്ള വിജയകരമായ രീതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പരീക്ഷിക്കാനാണ് നീക്കം.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനും അമർനാഥ് യാത്രയ്‌ക്കും ശേഷമായിരിക്കും സേനയുടെ പൂർണ്ണമായ മാറ്റം ആരംഭിക്കുക. നക്സൽ മേഖലകളിൽ ഉപയോഗിച്ചിരുന്ന കുഴിബോംബ് പ്രതിരോധ വാഹനങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഇതിനോടകം തന്നെ വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നബാധിക ജില്ലകളിൽ എത്തിത്തുടങ്ങി. ചുവപ്പു ഭീകരതയെ നിയന്ത്രിക്കാൻ സാധിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാന ശ്രമങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദവും വംശീയ രാഷ്‌ട്രീയവും പരിഹരിച്ച് വടക്കുകിഴക്കൻ ഇന്ത്യയെ പൂർണ്ണമായും ശാന്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.















