ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബിജെപിയില്‍ ചേരാനുണ്ടായ സാഹചര്യം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചത്. നിലവില്‍ എ.എ.പി ഒരു ‘വിഷലിപ്തമായ തൊഴിലിടമായി’ മാറിയെന്നും അവിടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലുള്ള മികച്ച കരിയര്‍ ഉപേക്ഷിച്ചാണ് രാഷ്‌ട്രീയത്തില്‍ എത്തിയത്. എ.എ.പിയുടെ സ്ഥാപകാംഗമായ താന്‍ യൗവനത്തിലെ വിലപ്പെട്ട 15 വര്‍ഷം പാര്‍ട്ടിക്കായി നല്‍കി. രക്തവും വിയര്‍പ്പും ഒഴുക്കിയാണ് പാര്‍ട്ടിയെ വളര്‍ത്തിയത്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ആര്‍ക്കും സ്വതന്ത്രമായി സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയുന്നില്ല. പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് പോലും തന്നെ വിലക്കിയതായി ഛദ്ദ വെളിപ്പെടുത്തി.
രാജ്യം എന്നതിലുപരി സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അഴിമതിക്കാരായ ചിലരുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പാര്‍ട്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോസിറ്റീവ് രാഷ്‌ട്രീയം മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. രാഷ്‌ട്രീയം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുകയോ ചെയ്യുന്നതിനേക്കാള്‍ നല്ലത് ശരിയായ രാഷ്‌ട്രീയ അന്തരീക്ഷമുള്ള ഇടത്തേക്ക് മാറുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് എംപിമാര്‍ എ.എ.പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ‘ഒരാള്‍ക്കോ രണ്ടുപേര്‍ക്കോ തെറ്റ് സംഭവിക്കാം, എന്നാല്‍ ഏഴ് എംപിമാര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല. തൊഴിലിടം ശ്വാസം മുട്ടിക്കുന്നതായാല്‍ അവിടെ തുടരാനാകില്ല. നിശ്ശബ്ദനാക്കപ്പെടുകയും അധ്വാനം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍ ആ സ്ഥലം വിടുക എന്നതാണ് ശരിയായ തീരുമാനം.’
എ.എ.പിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് ഈ കൂടുമാറ്റം സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്ന രാഘവ് ഛദ്ദയുടെ വിമര്‍ശനങ്ങള്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.















