കൊല്ലം: ചിതറ ഓയില്‍ പാം എസ്റ്റേറ്റിലുണ്ടായ അപകടത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശിനി സരിത (37) ആണ് മരിച്ചത്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയ്‌ക്കിടയിലാണ് അപകടം സംഭവിച്ചത്. എസ്റ്റേറ്റില്‍ കാടുവെട്ടിത്തെളിക്കുന്ന ജോലികള്‍ക്കായാണ് സരിത ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ എത്തിയത്. പെട്ടെന്ന് കനത്ത മഴ പെയ്തതോടെ തൊഴിലാളികള്‍ മരച്ചുവട്ടില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്ത് വീശിയടിച്ച കാറ്റില്‍ ഒരു ആഞ്ഞിലിമരം ഒടിഞ്ഞ് സമീപത്തെ എണ്ണപ്പനയുടെ മുകളിലേക്ക് വീണു. ആഘാതത്തില്‍ എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സരിതയെ ഉടന്‍തന്നെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം കടയ്‌ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ശക്തമായ സാഹചര്യത്തില്‍ കാറ്റും മിന്നലും അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റുള്ള സമയത്ത് മരങ്ങള്‍ക്കടിയില്‍ നില്‍ക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.















