തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രമേശ് ചെന്നിത്തലയെ കുറിച്ച് നൽകിയ മുഴുവൻ പേജ് പരസ്യം കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമാണെന്ന് കണ്ടെത്തുകയും ഈ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ പോരാട്ടം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രജിൻ ബാബു മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.
ചെന്നിത്തലയെ കുറിച്ച് ഏപ്രിൽ 26- നാണ് പരസ്യ ഫീച്ചര്‍ വന്നത്. പ്രജിന്ബാബുവാണ് ഇത് നല്‍കിയതെന്ന് പത്രപരസ്യത്തി ഉള്‍പ്പെടുത്തിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഫീച്ചര്‍ നല്‍കിയതെന്നു ചെന്നിത്തല അറിയിച്ചിരുന്നു.















