ന്യൂഡല്‍ഹി: മിന്നിത്തിളങ്ങുന്ന റാംപും ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയിലെ ഉന്നത പഠനവും ഉപേക്ഷിച്ച് രാജ്യസേവനത്തിന്റെ വഴി തിരഞ്ഞെടുത്ത ലെഫ്റ്റനന്റ് കാശിഷ് മെത്വാനിയുടെ കഥ ഇന്ത്യന്‍ യുവത്വത്തിന് പുത്തന്‍ ആവേശമാകുന്നു. 2023-ലെ മിസ് ഇന്റര്‍നാഷണല്‍ ഇന്ത്യ കിരീടജേതാവായ കാശിഷ്, ഗ്ലാമര്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നിരസിച്ചാണ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്.
ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും ബെംഗളൂരു ഐഐഎസ്സിയില്‍ ന്യൂറോ സയന്‍സില്‍ തീസിസും പൂര്‍ത്തിയാക്കിയ കാശിഷിനെ തേടി ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പിഎച്ച്ഡി ക്ഷണം എത്തിയതാണ്. എന്നാല്‍, വിദേശത്തെ ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലിയോ ഗവേഷണമോ അല്ല, മറിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോമാണ് തന്റെ ലക്ഷ്യമെന്ന് കാശിഷ് ഉറപ്പിച്ചു.
2024-ലെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സിഡിഎസ്) പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടിയാണ് കാശിഷ് തന്റെ നിശ്ചയദാര്‍ഢ്യം തെളിയിച്ചത്. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലെ കഠിനമായ പരിശീലനത്തിന് ശേഷം ഓര്‍ഡിനന്‍സ് കോറില്‍ ലെഫ്റ്റനന്റായി നിയമിതയായി. 2025 സെപ്റ്റംബര്‍ 6-ന് ആര്‍മി എയര്‍ ഡിഫന്‍സ് റെജിമെന്റില്‍ കാശിഷ് ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യപ്പെട്ടു.
മുംബൈ ഉല്ലാസ്നഗറില്‍ ജനിച്ച കാശിഷ് മെത്വാനി ഒരു സിന്ധി കുടുംബത്തില്‍ നിന്നുള്ള സൈന്യത്തിലെ ആദ്യ വനിതയാണ്. അച്ചടക്കവും സേവനവും മുഖമുദ്രയായ കുടുംബ പശ്ചാത്തലമാണ് കാശിഷിനുള്ളത്. പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഗുര്‍മുഖ് ദാസ് മെത്വാനിയുടെയും ആര്‍മി പബ്ലിക് സ്‌കൂള്‍ അധ്യാപിക ശോഭ മെത്വാനിയുടെയും മകളാണ്. ദേശീയതലത്തിലുള്ള പിസ്റ്റള്‍ ഷൂട്ടര്‍ കൂടിയായ കാശിഷ്, ഭരതനാട്യത്തിലും തബലയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിലെ മികച്ച പ്രകടനത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് ‘ഓള്‍ ഇന്ത്യ ബെസ്റ്റ് കേഡറ്റ് ട്രോഫി’ കാശിഷ് ഏറ്റുവാങ്ങിയിരുന്നു. നിലവില്‍ ഉത്തരേന്ത്യയിലെ തന്ത്രപ്രധാനമായ ഒരു വ്യോമ പ്രതിരോധ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്ന കാശിഷ് മെത്വാനി, സൗന്ദര്യമെന്നത് വെഹുമതികളിലല്ല, രാജ്യത്തിന് വേണ്ടി ചെയ്യുന്ന സേവനത്തിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് കഠിനമായ സൈനിക ജീവിതം തിരഞ്ഞെടുത്ത ഈ യുവതി ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വലിയൊരു പ്രചോദനമാണ്.















