കോഴിക്കോട്: വിവാഹ ആലോചനയുമായെത്തി സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ രാമനാട്ടുകര സ്വദേശിയായ വ്യാപാരിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ‘അഞ്ജന’ എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വാട്‌സാപ്പിലൂടെയുള്ള സ്ഥിരം സംഭാഷണങ്ങളിലേക്ക് വളരുകയായിരുന്നു. യുവാവിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് യുവതി നിക്ഷേപ തട്ടിപ്പിനുള്ള കെണിയൊരുക്കിയത്.
ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. ഇതിനായി ഒരു വ്യാജ ലിങ്കും യുവതി കൈമാറി. കഴിഞ്ഞ മാസം മാത്രം 41 തവണകളിലായാണ് 34 ലക്ഷം രൂപ വ്യാപാരി യുവതി നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കിയത്. പണം കൈമാറി കഴിഞ്ഞതോടെ യുവതിയുടെ ഫോണ്‍ ഓഫാവുകയും ബന്ധപ്പെടാന്‍ സാധിക്കാതെ വരികയും ചെയ്തു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് വ്യാപാരി പോലീസിനെ സമീപിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം ലിങ്കുകള്‍ വഴിയുള്ള പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സെല്‍ നിര്‍ദ്ദേശിച്ചു.
‘മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പരിചയപ്പെടുന്നവര്‍ പണമിടപാടുകള്‍ക്കായി പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാകാനാണ് സാധ്യത. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യരുത്.’ – എന്ന് സൈബര്‍ പോലീസ് പറഞ്ഞു. പ്രതിക്കായി സൈബര്‍ പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. യുവതി ഉപയോഗിച്ച ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം ഹണിട്രാപ്പ് മാതൃകയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചു.















