ലേ: ലഡാക്കിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ക്ഷീരവികസന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ലേയില്‍ പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഗിലില്‍ 25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 10,000 ലിറ്റര്‍ ശേഷിയുള്ള ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലഡാക്കിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹകരണ മാതൃകയിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. 70 കോടി രൂപ മുതല്‍മുടക്കിലാണ് ലേയിലെ പുതിയ പ്ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്. ലേയില്‍ നിലവിലുള്ള പ്ലാന്റുകളില്‍ പനീര്‍, തൈര് എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ യൂണിറ്റുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പാലിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് നേരിട്ടെത്തുന്ന മൊബൈല്‍ പാല്‍ പരിശോധനാ ലാബുകള്‍ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു.
പാലളക്കുന്നതിലും പണമിടപാടുകളിലും കൃത്യത ഉറപ്പാക്കാന്‍ ‘ഓട്ടോമേറ്റഡ് മില്‍ക്ക് കളക്ഷന്‍ സിസ്റ്റം’ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാര്‍ഗിലില്‍ സ്ഥാപിക്കുന്ന 10,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് പരിസ്ഥിതി സൗഹൃദമായ 350 കിലോവാട്ട് സൗരോര്‍ജ്ജ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലഡാക്കിലെ പശമിന, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, തേന്‍ എന്നിവയുടെ വിപണനത്തിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഡാക്കിലെ പാല്‍ ഉല്‍പ്പാദകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കാന്‍ ‘മദര്‍ ഡയറി’യുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ലഡാക്കിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.















