ബെംഗളൂരു: മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലം ബിജെപി തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തപാൽ വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി ഡി.എൻ. ജീവരാജ് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2023-ലെ തിരഞ്ഞെടുപ്പിൽ 201 വോട്ടുകൾക്കായിരുന്നു കോൺഗ്രസിന്റെ ടി.ഡി. രാജേഗൗഡ വിജയിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണലിലെ ക്രമക്കേട് ആരോപിച്ച് ജീവരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം വോട്ടുകൾ വീണ്ടും പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രാജേഗൗഡയ്‌ക്ക് ലഭിച്ച 255 തപാൽ വോട്ടുകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അസാധുവായി പ്രഖ്യാപിച്ചു.
ബിജെപി സ്ഥാനാർത്ഥി ജീവരാജിന്റെ രണ്ട് വോട്ടുകളും അസാധുവായിരുന്നു. ഇതോടെ 201 വോട്ടിന്റെ കോൺഗ്രസ് വിജയം മാറി, 52 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി ജയിച്ചതായി തിരഞ്ഞെടുപ്പ് ഓഫീസർ ഗൗരവ് കുമാർ ഷെട്ടി പ്രഖ്യാപിച്ചു. കോൺഗ്രസിനെ സംബന്ധിച്ച് വൻ തിരിച്ചടിയാണ് ഈ വിധി. ധാർവാഡ് എം.എൽ.എ വിനയ് കുൽക്കർണി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിന് പിന്നാലെയാണ് ശൃംഗേരി നിയമസഭാ മണ്ഡലത്തിലെ സീറ്റും കൈവിട്ടുപോയത്. ഉപതിരഞ്ഞെടുപ്പ് നടന്ന ബാഗൽക്കോട്ടും ദാവണഗരെ സൗത്തും മാത്രമേ കോൺഗ്രസിന് നിലനിർത്താൻ കഴിഞ്ഞുളളു.
നിലവിൽ 224 അംഗ നിയമസഭയിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ അംഗബലം 136 ആയി കുറഞ്ഞു. തിങ്കളാഴ്ച ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബിജെപി കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വോട്ടെണ്ണൽ നടന്നെങ്കിലും സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.















