തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ കേരള നിയമസഭയിലെ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നൽകി നിയുക്ത ബിജെപി എംഎഎൽ വി. മുരളീധരൻ. കേരളത്തിലെ ‘ബൈ-പോളാർ’ രാഷ്ട്രീയത്തിന് മാറ്റം വന്നുവെന്നും സഭയിൽ ഇനി ജനപക്ഷത്തുനിന്നുള്ള ശക്തമായ മറുശബ്ദം ഉയരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴക്കൂട്ടത്ത് എൻഡിഎയ്ക്ക് അനുകൂലമായി മാറിയ പ്രധാന ഘടകങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ:- സംസ്ഥാനത്തുടനീളം നിലനിന്ന ശക്തമായ ഭരണവിരുദ്ധ വികാരം കഴക്കൂട്ടത്തും പ്രതിഫലിച്ചു. പത്ത് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആൾ കുടിവെള്ള പ്രശ്നം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. തലസ്ഥാനത്തിന്റെ വികസന കേന്ദ്രമായ ടെക്നോപാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടത്ത് പ്രതീക്ഷിച്ച രീതിയിലുള്ള ഒരു മുന്നേറ്റവും ഉണ്ടായില്ല എന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.
മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായി. ഇത് എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകളായി മാറിയെന്നും അദ്ദേഹം വിലയിരുത്തി. ദേശീയതലത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് നിൽക്കുന്ന സാഹചര്യത്തിൽ, കേരള നിയമസഭയിൽ പലപ്പോഴും ഏകകണ്ഠമായ തീരുമാനങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇനി മുതൽ അതിൽ മാറ്റം വരും. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് പകരം മറുപക്ഷത്തിന്റെ വാദമുഖങ്ങളും ശബ്ദവും നിയമസഭയിൽ താൻ ഉയർത്തുമെന്ന് വി. മുരളീധരൻ ഉറപ്പുനൽകി. കേരളത്തിന്റെ വികസന കാര്യത്തിൽ ബിജെപി അടിസ്ഥാനപരമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും, നിയമസഭയ്ക്കകത്ത് ആ വികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














