കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യം അവസാനിച്ചതായും മമത ബാനര്‍ജിയുടെ രാഷ്‌ട്രീയ വനവാസം തുടങ്ങിയതായും ബിജെപി നേതാവ് സുവേന്ദു അധികാരി. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഭരണവിരുദ്ധ തരംഗത്തില്‍ മമത സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഭവാനിപ്പൂരിലെ സിറ്റിംഗ് സീറ്റില്‍ മുഖ്യമന്ത്രിയെ 15,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സുവേന്ദുവിന്റെ രൂക്ഷവിമര്‍ശനം.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ടിഎംസി എന്ന പാര്‍ട്ടി തകരുമെന്നും പ്രമുഖരായ പല നേതാക്കളും ബിജെപിയിലേക്ക് എത്തുമെന്നും സുവേന്ദു സൂചിപ്പിച്ചു. അഴിമതിക്കെതിരെ ജനങ്ങള്‍ നല്‍കിയ വിധിയെഴുത്താണ് ബംഗാളിലെ മാറ്റത്തിന് ആധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെയുള്ള 294 സീറ്റുകളില്‍ 206 എണ്ണവും നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.
മമത ബാനര്‍ജിക്ക് പുറമെ മന്ത്രിസഭയിലെ 35-ല്‍ 22 മന്ത്രിമാരും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ മെയ് 9-ന് അധികാരമേല്‍ക്കും. പതിറ്റാണ്ടുകള്‍ നീണ്ട തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി പുതിയ ചരിത്രം കുറിക്കുമ്പോള്‍, വരും ദിവസങ്ങളില്‍ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ കൂടുതല്‍ നാടകീയ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.















