തൃശൂർ: തൃശൂരില്‍ ഒന്നാംക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചത് പേവിഷബാധയേറ്റെന്നു സ്ഥിരീകരണം. തൃശൂർ ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരി സൻഹ മെഹ്റിന്റെ മരണകാരണമാണ് പേവിഷബാധയെന്ന് സ്ഥിരീകരണം ഉണ്ടായത്. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സൻഹ മെഹ്റിൻ കുഴഞ്ഞുവീണ് മരിച്ചത്.
ഏപ്രിൽ 28 നായിരുന്നു സംഭവം. കുഴഞ്ഞുവീണതിന് പിന്നാലെ കുട്ടി വെള്ളത്തിനോട് ഭയം പ്രകടിപ്പിച്ചതായും വായിൽനിന്ന് നുരയും പതയും വന്നതായും വിവരമുണ്ട്.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു.എന്നാൽ കുട്ടിക്ക് രോഗബാധയുണ്ടായതെങ്ങനെയെന്നതിൽ ഇതുവരെ വ്യക്തതയില്ല.
സൻഹ മെഹ്റിന്റെ സ്രവമെടുത്ത് പരിശോധനയ്ക്ക് സെൻട്രൽ ലാബിലേക്ക് അയച്ചിരുന്നു. പുറത്തുവന്ന പരിശോധന ഫലത്തിലാണ് മരണകാരണം പേവിഷ ബാധയാണെന്ന് സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ പൂച്ചകളുമായി കളിക്കുന്നത് സൻഹയുടെ പതിവായിരുന്നു.
ഇതിൽ നിന്നാണോ കുട്ടിക്ക് രോഗബാധയുണ്ടായതെന്നു സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.















