ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ചോദ്യം ചെയ്യലിനിടെ ലോക്കർ കീ വിഴുങ്ങി. ബെംഗളൂരുവിലെ മാദനനായകനഹള്ളി പോലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗംഗോണ്ടനഹള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ട് പിടിയിലായ കാർത്തിക് (രാമു) എന്ന യുവാവാണ് പോലീസിനെ വെട്ടിലാക്കിയത്.
കഴിഞ്ഞ ഏപ്രിൽ 24-നാണ് പെൺകുട്ടിയെ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ, പോക്സോ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇതിൽ പരിഭ്രാന്തനായ പ്രതി കൈവശമുണ്ടായിരുന്ന ലോക്കർ കീ പെട്ടെന്ന് വിഴുങ്ങുകയായിരുന്നു. പ്രതി താക്കോൽ വിഴുങ്ങിയതോടെ പരിഭ്രാന്തരായ പോലീസ് ഉടൻ തന്നെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ശസ്ത്രക്രിയ കൂടാതെ താക്കോൽ പുറത്തെടുക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി ഏകദേശം 10 കിലോയോളം നേന്ത്രപ്പഴമാണ് പ്രതിയെക്കൊണ്ട് കഴിപ്പിച്ചത്. ആശുപത്രിയിൽ പോലീസ് കാവലിലായിരുന്നു ഈ ‘ചികിത്സ’ നടന്നത്. ഒടുവിൽ കഴിഞ്ഞ ദിവസം രാത്രിയോടെ മലവിസർജനത്തിലൂടെ താക്കോൽ പുറത്തുവന്നു. ഇതോടെയാണ് പോലീസിനും ഡോക്ടർമാർക്കും ആശ്വാസമായത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.















