കൊൽക്കത്ത: കാവിയണിഞ്ഞ് ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ ചൊല്ലി, പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് ബ്രിഗേഡ് മൈതാനത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് വംഗ നാട്ടിലെ അധികാര കൈമാറ്റം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി, നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 50 വർഷത്തിനുശേഷം ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന എറ്റവും വലിയ പരിപാടിയായിരുന്നു ഇത്.
പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പിലാണ് സുവേന്ദു അധികാരി ബ്രിഗേഡ് മൈതാനത്തിൽ എത്തിയത്. പ്രധാനമന്ത്രിയെ ആശ്ലേഷിച്ച് അനുഗ്രഹം വാങ്ങിയ അദ്ദേഹത്തിന് ഗവർണർ ആർ. എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വന്തം ആദർശത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച നൂറുകണക്കിന് ബിജെപി പ്രവർത്തകരുടെ ധീരമായ ഓർമകളുയത്തുന്ന പ്രത്യേക സ്മാരകം വേദിയിൽ സജ്ജീകരിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്നു ദിലീപ് ഘോഷാണ് രണ്ടാമതായി മന്ത്രിയായി സത്യവാചകം ചൊല്ലിയത്. റാണിബന്ധ് എംഎൽഎയും വനവാസി സമുഹത്തിന്റെ പ്രതിനിധിയുമായി ക്ഷുധിറാം ടുഡു,ബൻഗാവിൽ നിന്ന് വിജയിച്ച അശോക് കീർത്താനിയ, ബിജെപി വനിതാ നേതാവ് അഗ്നിമിത്ര പോൾ, നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന നിഷിത് പ്രമാണിക് സുവേന്ദു എന്നിവരും മന്ത്രിമാരായി ചുമതലയേറ്റെടുത്തു. സമൂഹത്തിന്റെ എല്ലാം മേഖലകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉൾപ്പെടുത്തി കൊണ്ടാണ് പശ്ചിമ ബംഗാളിൽ ബിജെപി പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദു അധികാരിക്ക് ആദ്യമായി ‘ജയന്റ്-കില്ലർ’ എന്ന പദവി ലഭിച്ചത്. 2020 ഡിസംബറിൽ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. രണ്ടാമത്തെ മത്സരത്തിൽ മമതയുടെയും തൃണമൂലിലിന്റെയും അടിവേരറുക്കാൻ സുവേന്ദുവിന് സാധിച്ചു. തൃണമൂലിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ച് സുവേന്ദുവിനുള്ള ആഴത്തിലുള്ള അറിവാണ് ബിജെപിയെ വിജയത്തിലേക്ക് നയിച്ചത്.
.















