കോതമംഗലം: വിനോദയാത്രയ്‌ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോതമംഗലം ബസേലിയസ് ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ബിയോണ്‍ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുല്‍ (കോട്ടയം) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
ഒമ്പത് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് കുട്ടമ്പുഴ ഭാഗത്ത് പുഴയില്‍ കുളിക്കാനായി എത്തിയത്. ഇതിനിടെ മൂന്ന് പേര്‍ പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
പുഴയിലെ ഒഴുക്കും അപകടസാധ്യതയും കണക്കിലെടുത്ത് അധികൃതര്‍ പ്രദേശത്ത് നേരത്തെ തന്നെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകര്‍ പലപ്പോഴും ഇത്തരം നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി പ്രതികരിച്ചു. മൃതദേഹങ്ങള്‍ നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.















