കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ വാനോളം പുകഴ്‌ത്തി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത. സുവേന്ദുവിന്റെ രാഷ്‌ട്രീയ പക്വതയും സംയമനവും വലിയൊരു രക്തച്ചൊരിച്ചിലില്‍ നിന്ന് ബംഗാളിനെ രക്ഷിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായിരുന്ന റിജു ദത്ത, തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെയാണ് സുവേന്ദു അധികാരിയെ അനുകൂലിച്ച് രംഗത്തെത്തിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് മെയ് ആറിന് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ പരാമര്‍ശിച്ചായിരുന്നു റിജു ദത്തയുടെ പ്രതികരണം. ‘തന്റെ വിശ്വസ്തനായ സഹായി കൊല്ലപ്പെട്ടിട്ടും സുവേന്ദു അധികാരി അങ്ങേയറ്റം സംയമനത്തോടെയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം പ്രതികാരത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കില്‍ ബംഗാളില്‍ കുറഞ്ഞത് 5000 തൃണമൂല്‍ പ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെടുമായിരുന്നു. ഒരു വലിയ കലാപം ഒഴിവാക്കിയത് അദ്ദേഹത്തിന്റെ പക്വമായ ഇടപെടലാണ്,’ റിജു ദത്ത വ്യക്തമാക്കി.
ഇന്ത്യയിലെ മികച്ച പത്ത് രാഷ്‌ട്രീയ നേതാക്കളെ ബംഗാളിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ സുവേന്ദുവാണെന്ന് റിജു ദത്ത അവകാശപ്പെട്ടു. എംപി എന്ന നിലയിലും ക്യാബിനറ്റ് മന്ത്രി എന്ന നിലയിലുമുള്ള പ്രവര്‍ത്തന പരിചയം. നന്ദിഗ്രാമിലും ഭവാനിപൂരിലും മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ കരുത്ത്. പ്രതിസന്ധി ഘട്ടങ്ങളിലെ മികച്ച നേതൃപാടവം.
ആറ് വര്‍ഷം മുമ്പ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ തൃണമൂല്‍ പുറത്താക്കിയ നേതാവാണ് റിജു ദത്ത. എന്നിരുന്നാലും ചാനല്‍ ചര്‍ച്ചകളിലും മറ്റും തൃണമൂല്‍ നയങ്ങളെ ശക്തമായി ന്യായീകരിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ സുവേന്ദു അധികാരിയെ അനുകൂലിക്കുന്നത് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് സുവേന്ദുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















