ബെംഗളൂരു: കേരളത്തിൽ ഭരണവിരുദ്ധ വികാരം വോട്ടായപ്പോൾ ലഭിച്ച വിജയം ജനസേവനത്തിനല്ല, മറിച്ച് ഗ്രൂപ്പ് പോരിനും അധികാര വീതംവെപ്പിനുമുള്ള അവസരമാക്കി കോൺഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിൽ നടന്ന റാലിയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചത്.
ഒരാളെപ്പോലും ഐക്യകണ്ഠേന കണ്ടെത്താൻ കഴിയാത്ത കോൺഗ്രസ്, ഓരോ വർഷവും ഓരോ മുഖ്യമന്ത്രി എന്ന ഫോർമുല പരീക്ഷിക്കുന്നതാകും നല്ലതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. കർണാടകയിൽ കണ്ട മുഖ്യമന്ത്രി പദത്തിനായുള്ള നേതാക്കളുടെ പരക്കം പാച്ചിൽ ഇപ്പോൾ കേരളത്തിലും ആവർത്തിക്കുകയാണ്. സ്വന്തം പാർട്ടിക്കാരെയും വോട്ടർമാരെയും വെറും വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൃത്യമായ നേതൃത്വവും വികസന അജണ്ടയും മുൻനിർത്തി ഭരണം മുന്നോട്ട് പോകുമ്പോൾ, കേരളത്തിൽ കോൺഗ്രസ് ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുകയാണെന്ന വിമർശനം ശക്തമാണ്.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി അണിയറയിൽ ശക്തമായ കരുനീക്കങ്ങളാണ് നടക്കുന്നത്. മല്ലികാർജ്ജുൻ ഖർഗെയും സോണിയാ ഗാന്ധിയും തമ്മിൽ ഇതുവരെ അന്തിമ ചർച്ചകൾ നടത്തിയിട്ടില്ല. തീരുമാനം വൈകുന്നത് കേരളത്തിന്റെ ഭരണചക്രം സ്തംഭിപ്പിക്കാൻ കാരണമാകുന്നു.
കോൺഗ്രസിന്റെ ഈ അധികാര മോഹം കേരളത്തിന്റെ വികസനത്തെ പുറകോട്ട് അടിക്കുമെന്നും, കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒരു സുസ്ഥിര ഭരണമാണ് കേരളത്തിന് ആവശ്യമെന്നും ബിജെപി
നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിന് ബദലായി, ശക്തമായ നേതൃത്വവും അച്ചടക്കവുമുള്ള ബിജെപി രാഷ്ട്രീയം കേരളത്തിൽ കൂടുതൽ പ്രസക്തമാകുന്നു എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.















