തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സ്വകാര്യ ബസ് വ്യവസായത്തിന് തിരിച്ചടിയാകുന്നു. കര്‍ണാടക മാതൃകയില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പദ്ധതി നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകള്‍ രംഗത്തെത്തി. ബസ് യാത്രക്കാരില്‍ 70 ശതമാനത്തോളം സ്ത്രീകളാണ്. ഇവര്‍ സൗജന്യ യാത്ര തേടി കെ.എസ്.ആര്‍.ടി.സിയിലേക്ക് മാറിയാല്‍ സ്വകാര്യ ബസുകളില്‍ യാത്രക്കാരില്ലാത്ത അവസ്ഥയുണ്ടാകും.
ഭൂരിഭാഗം യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നതോടെ, സ്വകാര്യ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികളെ മാത്രം വഹിച്ച് സര്‍വീസ് നടത്തേണ്ടി വരും. ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ഓരോ മൂന്ന് മാസം കൂടുമ്പോഴും വലിയ തുക നികുതി അടച്ച് സര്‍വീസ് നടത്തുന്ന തങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ഉടമകള്‍ ആരോപിക്കുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പൊതുഗതാഗതം പ്രധാനമായും സ്വകാര്യ ബസുകളെ ആശ്രയിച്ചാണെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായില്ലെങ്കില്‍ ബസ് പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സ്വകാര്യ ബസുകള്‍ക്ക് ആധിപത്യമുള്ള മലബാര്‍ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി സാന്നിധ്യം കുറവായതിനാല്‍ അവിടെ വലിയ പ്രത്യാഘാതം ഉണ്ടാകില്ലെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഈ പദ്ധതി സ്വകാര്യ ബസ് ഉടമകള്‍ക്ക് കനത്ത പ്രഹരമാകാനാണ് സാധ്യത.
പദ്ധതിയുടെ മുന്നോടിയായി കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകളില്‍ ലിംഗഭേദം രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ബസ് ഉടമകള്‍ പ്രതിഷേധം കടുപ്പിച്ചത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.















