ചാലക്കുടി: കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി ചാലക്കുടി പുഴയിലെ സിഎസ്ആർ തടയണ കടവിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. അവധി ദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഇവിടെ കുളിക്കാനെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സഞ്ചാരികളുടെ വർധനവ് ചാലക്കുടി-അതിരപ്പിള്ളി സംസ്ഥാന പാതയിൽ വലിയ ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. എത്തുന്നവർ തങ്ങളുടെ വാഹനങ്ങൾ റോഡരികിൽ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് മൂലം കിലോമീറ്ററുകളോളം വാഹനക്കുരുക്ക് അനുഭവപ്പെടുന്നത് പതിവാകുകയാണ്. ഇത് മറ്റ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.
പുഴയിലെ അപകടസാധ്യതകൾ അവഗണിച്ചും സന്ദർശകർ വെള്ളത്തിൽ ഇറങ്ങുന്നത് വലിയ ആശങ്കയ്‌ക്ക് വഴിവെക്കുന്നുണ്ട്.
അനുവദിച്ച സമയം കഴിഞ്ഞിട്ടും പലരും പുഴയിൽ നിന്ന് കയറാൻ തയ്യാറാകാത്തത് രക്ഷാപ്രവർത്തകരെയും നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നു. അപകടങ്ങൾ പതിയിരിക്കുന്ന പുഴയായതിനാൽ, അപ്രതീക്ഷിതമായുണ്ടാകുന്ന ഒഴുക്കും ചുഴികളും വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയാണ്.
അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നിയന്ത്രണങ്ങളും പൊലീസ് പട്രോളിംഗും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.















