ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. പരീക്ഷയ്‌ക്ക് മുന്‍പേ ചോര്‍ന്ന ചോദ്യപേപ്പറുകള്‍ ‘മാതൃകാ ചോദ്യപേപ്പര്‍’ എന്ന വ്യാജേന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രചരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ചോദ്യപേപ്പര്‍ ചോര്‍ന്നത് അച്ചടിശാലയില്‍ നിന്നാണെന്ന നടുക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പ്രസ്സില്‍ നിന്ന് ചോദ്യപേപ്പര്‍ കൈക്കലാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ശുഭം കര്‍ണിയാര്‍ ഇത് ഹരിയാനയിലെ ഒരു ഡോക്ടര്‍ക്ക് കൈമാറി. അവിടെ നിന്ന് സിക്കര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനീഷ് യാദവ്, രാകേഷ് കുമാര്‍ എന്നിവരിലൂടെയാണ് രാജ്യം മുഴുവന്‍ ചോദ്യങ്ങള്‍ പ്രചരിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ‘മോഡല്‍ പേപ്പര്‍’ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.
ടെലിഗ്രാം, വാട്‌സാപ്പ് വഴി 25,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയായിരുന്നു വില്‍പ്പന. രാജസ്ഥാന്‍ പൊലീസ് സിബിഐക്ക് കൈമാറിയ 200 വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരുണ്ടെന്നാണ് സൂചന. കേരളത്തില്‍ പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി വഴിയാണ് സംസ്ഥാനത്ത് ചോദ്യപേപ്പര്‍ എത്തിയത്. ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്ക് മുന്‍പേ ഈ ‘മാതൃകാ പേപ്പര്‍’ ലഭിച്ചതായി സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, തട്ടിപ്പ് സംഘം പ്രചരിപ്പിച്ച പേപ്പറിലെ ചോദ്യങ്ങളും യഥാര്‍ത്ഥ ചോദ്യപേപ്പറും തമ്മില്‍ അമ്പരപ്പിക്കുന്ന സാമ്യമാണുള്ളത്. 90 ചോദ്യങ്ങളും, കെമിസ്ട്രി 45-ല്‍ 35 ചോദ്യങ്ങളും ഒന്നുതന്നെയെന്നാണ് കണ്ടെത്തല്‍. സിബിഐ രൂപീകരിച്ച നാല് പ്രത്യേക സംഘങ്ങളാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നാസിക്കില്‍ പിടിയിലായ ശുഭത്തിന്റെ സഹായി ധനഞ്ജയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ‘പ്രൈവറ്റ് മാഫിയ’ എന്ന ടെലിഗ്രാം ചാനലിനെ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നു.















