ചന്ദൗലി: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ യാതൊരു പ്രകോപനവുമില്ലാതെ മൂന്ന് പേരെ വെടിവെച്ചുകൊന്ന കേസ്സിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃതസർ സ്വദേശിയായ മുൻ സൈനികൻ ഗുർപ്രീത് സിങ് (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30-ഓടെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിനും ദൃശ്യങ്ങൾ പുനരാവിഷ്കരിക്കാനുമായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നത്.
തെളിവെടുപ്പിനിടെ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ഗുർപ്രീത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ ഇയാൾ വെടിയുതിർത്തതോടെയാണ് പോലീസ് തിരിച്ചടിച്ചത്. പ്രത്യാക്രമണത്തിൽ ഗുർപ്രീതിന് മാരകമായി വെടിയേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനിലും ആശുപത്രിയിലുമായി ഇയാൾ നടത്തിയ വെടിവയ്പ്പിൽ മൂന്ന് നിരപരാധികളാണ് കൊല്ലപ്പെട്ടത്.
സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബിഹാറിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഗുർപ്രീത്. എന്നാൽ അമിതമായ മദ്യപാനത്തെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം ഇയാളുടെ മാനസികനില തകരാറിലായിരുന്നെന്നും ഇതാകാം അക്രമാസക്തനാകാൻ കാരണമായതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.















