കൊച്ചി: കേരളത്തെയും ലക്ഷദ്വീപിനെയും കൂടുതല്‍ അടുപ്പിച്ചുകൊണ്ട് സീ പ്ലെയിന്‍ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം വെറും രണ്ട് മണിക്കൂര്‍ കൊണ്ട് അഗത്തി ദ്വീപിലിറങ്ങിയതോടെ ദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും ദീര്‍ഘകാല സ്വപ്‌നത്തിനാണ് ചിറക് മുളയ്‌ക്കുന്നത്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ സഹകരണത്തോടെ ഡിജിസിഎ, ലക്ഷദ്വീപ് ഭരണകൂടം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ബുധനാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കൃത്യം രണ്ട് മണിക്കൂറില്‍ ലക്ഷ്യസ്ഥാനത്തെത്തി. കവരത്തി, അഗത്തി, കല്‍പ്പേനി, കട്മത്ത്, കില്‍ത്താന്‍ എന്നീ ദ്വീപുകളെ കൊച്ചിയുമായി നേരിട്ട് ബന്ധിപ്പിക്കാനാണ് ഈ സര്‍വീസ് ലക്ഷ്യമിടുന്നത്. സ്‌കൈ ഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ അത്യാധുനിക ‘ട്വിന്‍ ഓട്ടോര്‍’ വിമാനമാണ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ദ്വീപുകളിലേക്കുള്ള ഗതാഗത സൗകര്യം സുഗമമാക്കുന്നതിനൊപ്പം ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാനും ഈ പദ്ധതി സഹായിക്കും.
നിലവില്‍ കപ്പലുകളെയും ഹെലികോപ്റ്ററുകളെയും മാത്രം ആശ്രയിക്കുന്ന ദ്വീപ് നിവാസികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും സീ പ്ലെയിന്‍ വലിയ അനുഗ്രഹമാകും. മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പരീക്ഷണ സര്‍വീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ വിവിധ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനായി പന്ത്രണ്ടോളം പരീക്ഷണപ്പറക്കലുകള്‍ കൂടി വരും ദിവസങ്ങളില്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭാവിസാധ്യതകള്‍: ഈ പരീക്ഷണ സര്‍വീസുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും സ്ഥിരമായ സര്‍വീസുകളുടെ തീയതിയും ടിക്കറ്റ് നിരക്കും പ്രഖ്യാപിക്കുക. ദ്വീപ് വികസനത്തില്‍ വലിയൊരു വിപ്ലവത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.















