തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ. ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ സിനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി.
മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽനിന്ന് പുറത്തേക്ക് പോയി. അദ്ദേഹം ഹരിപ്പാട്ടേക്കു മടങ്ങിയതായി വിവരമുണ്ട് . വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര നേതൃത്വത്തിന്റെ ഡാമേജ് കണ്ട്രോൾ വിഭാഗം രമേശ് ചെന്നിത്തലയുമായി സംസാരിച്ചുവെന്ന് സൂചനയുണ്ട്. രാഹുൽ ഗാന്ധിയും ചെന്നിത്തലയുമായി സംസാരിച്ചുവെന്നാണ് സൂചന. രാഹുലുമായുള്ള സംഭാഷണത്തിലും രമേശ് തന്റെ അതൃപ്തി വ്യക്തമാക്കിയെന്നാണ് വിവരം.
സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നും രമേശ് ചെന്നിത്തല പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെതിരെയും രമേശ് ചെന്നിത്തലയ്‌ക്കെതിരെയും സംഘടിതമായ ആക്രമണം നടന്നു. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട പേരാണ് രമേശ് ചെന്നിത്തലയുടേത്. വൈകുന്നേരം അദ്ദേഹം ഹരിപ്പാട്ട് നിന്ന് ഗുരുവായൂർക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.















