ന്യൂഡൽഹി: ഭാരതവും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സൗഹൃദം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വെള്ളിയാഴ്ച അബുദാബിയിലെത്തും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്ന നിർണ്ണായകമായ സന്ദർശനമായിരിക്കും ഇത്.
കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവരുന്ന ഊഷ്മളമായ നയതന്ത്ര ഇടപെടലുകളുടെ തുടർച്ചയായാണ് ഈ സന്ദർശനം. ഈ വർഷം ജനുവരിയിൽ യുഎഇ പ്രസിഡന്റ് ന്യൂഡൽഹി സന്ദർശിച്ചിരുന്നു. പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമായിരുന്നു അത്.
പ്രതിരോധം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വൻ കുതിച്ചുചാട്ടമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്’ രൂപീകരിക്കുന്നതിനുള്ള താൽപ്പര്യ പത്രംഇരുരാജ്യങ്ങളും കൈമാറി. ഊർജ്ജ മേഖലയിൽ, എച്ച്‌പിസിഎല്ലും അഡ്‌നോക് ഗ്യാസും തമ്മിൽ 10 വർഷത്തേക്ക് 300 കോടി ഡോളറിന്റെ എൽഎൻജി വിതരണ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.
2032-ഓടെ ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറിലെത്തിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. നിലവിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് യുഎഇ. 3,700 കോടി ഡോളറിന്റെ കയറ്റുമതിയാണ് നിലവിൽ നടക്കുന്നത്. 40 ലക്ഷത്തിലധികം ഇന്ത്യക്കാർ യുഎഇയിൽ താമസിക്കുന്നു എന്നതും ഈ ബന്ധത്തെ തന്ത്രപരമായ തലത്തിനപ്പുറം ശക്തമായ ഒരു ജനകീയ ബന്ധമായി നിലനിർത്തുന്നു.















