കാസർകോട്: വിവാഹദിവസം വധുവിനെയും ബന്ധുക്കളെയും പന്തലിൽ തനിച്ചാക്കി മുങ്ങിയ പ്രതിശ്രുത വരൻ ഒടുവിൽ പോലീസ് പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ സ്വദേശിയായ വിഷ്ണു നാരായണനെ (24) ആണ് യുവതിയുടെ പീഡന പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ബളാലിലെ വിഷ്ണുവും യുവതിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം മെയ് പത്തിന് ബളാലിലെ ഒരു ക്ഷേത്രത്തിൽ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച മുഹൂർത്തത്തിൽ വധുവും ബന്ധുക്കളും എല്ലാ ഒരുക്കങ്ങളുമായി ക്ഷേത്രത്തിലെത്തി കാത്തിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും വരനോ ബന്ധുക്കളോ അവിടെ എത്തിയില്ല. വധുവിന്റെ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് വിഷ്ണുവിനെ കാണാനില്ലെന്ന വാർത്തയുമായി യുവാവിന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തിയത്. ഇതോടെ മംഗല്യ ചടങ്ങുകൾ പൂർണ്ണമായും മുടങ്ങുകയും വധുവും കുടുംബവും വലിയ മാനഹാനി നേരിടുകയും ചെയ്തു.
വിവാഹത്തിൽ നിന്ന് വിഷ്ണു പിന്മാറിയതോടെ, തന്നെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ നിലവിൽ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.















