കോഴിക്കോട്: സ്റ്റോപ്പില്ലാത്ത ഇടത്ത് നിർത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി. കോഴിക്കോടാണ് സംഭവം നടന്നത്. ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി കണ്ടക്ടറോടും ഡ്രൈവറോടും കയർക്കുകയും പിന്നാലെ ദേഷ്യത്തിൽ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഗ്ലാസ് അടിച്ചു പൊട്ടിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് മുന്നിൽ നിർത്താനാണ് യുവതി ആവശ്യപ്പെട്ടത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസാണെന്നും അവിടെ സ്റ്റോപ്പില്ലെന്നും കണ്ടക്ടറും ഡ്രൈവറും പറയുന്നുണ്ട്. ‘ഞാൻ ചോദിച്ചിടത്ത് നിങ്ങൾ നിത്തി തരില്ലാ അല്ലേ’ എന്ന് യുവതി ആക്രോശിക്കുന്നുണ്ട്.
തുടർന്ന് യുവതി വീഡിയോ ചിത്രീകരിക്കുന്നതും കാണാം. പിന്നാലെ എമർജൻസി വിൻഡോ ഹാമർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. യുവതി ആക്രോശിക്കുമ്പോഴും ശാന്തനായിരുന്ന കണ്ടക്ടർ ഗ്ലാസ് പൊട്ടിച്ചതോടെ ബസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടു. ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ, പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപ പിഴയടപ്പിച്ച ശേഷമാണ് വിട്ടയച്ചത്.
പൊതുവാഹനങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ശക്തമായ നിയമനടപടികൾ അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.















