ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ പാകിസ്താനേക്കാള്‍ എന്തുകൊണ്ടും യോഗ്യത ഇന്ത്യയ്‌ക്കാണെന്ന് റഷ്യ. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഭാരതത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ദീര്‍ഘകാലത്തെ നയതന്ത്ര പരിചയവും ലോകരാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയും കണക്കിലെടുക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമെന്ന് ലാവ്റോവ് ചൂണ്ടിക്കാട്ടി.
പാകിസ്താന്‍ നിലവില്‍ നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങളും താലിബാനുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും അവരെ ഒരു വിശ്വസ്ത മധ്യസ്ഥന്‍ എന്ന നിലയില്‍ പിന്നിലാക്കുന്നു. എന്നാല്‍ സ്ഥിരതയുള്ള ജനാധിപത്യവും ആഗോളതലത്തിലുള്ള സ്വാധീനവും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ലാവ്റോവ് വിശദമായ കൂടിക്കാഴ്ച നടത്തി.
യുക്രൈന്‍ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. ലോകത്തെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആഗോള സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ സജീവമായ ഇടപെടല്‍ ആഗ്രഹിക്കുന്നു എന്ന റഷ്യയുടെ പരസ്യപ്രസ്താവന നയതന്ത്ര രംഗത്ത് ഭാരതത്തിന് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.















