തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തിങ്കളാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി പ്രമുഖ നേതാക്കള്‍ക്ക് ഔദ്യോഗികമായി ക്ഷണം അയച്ചു തുടങ്ങി. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിലെ പ്രധാന അതിഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വലിയൊരു നിര തന്നെ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തില്‍ അധികാരത്തിലെത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വന്‍ രാഷ്‌ട്രീയ ശക്തിപ്രകടനമാക്കി മാറ്റാനാണ് മുന്നണിയുടെ നീക്കം. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ വി.ഡി. സതീശനും മറ്റ് മന്ത്രിമാരും ഗവര്‍ണര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.















