കണ്ണൂര്‍: പഴയങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വന്‍ ലഹരിശേഖരം പിടികൂടി. കാറില്‍ സഞ്ചരിച്ചിരുന്ന പാപ്പിനിശ്ശേരി സ്വദേശി തഫ്സീര്‍, ചിറക്കല്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയും പണവും കണ്ടെടുത്തു.
പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപം യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ യുവാക്കളുടെ പരിഭ്രമം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പേരും വിവരങ്ങളും ചോദിക്കുന്നതിനിടെ പോക്കറ്റില്‍ എന്തോ ഒളിപ്പിക്കാന്‍ ശ്രമിച്ചത് സംശയം വര്‍ദ്ധിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിന്റെ എയര്‍ബാഗ് നീക്കം ചെയ്ത ഭാഗത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ ബാക്കി ലഹരിമരുന്നും 24,000 രൂപയും കണ്ടെടുത്തത്. ആകെ 1.79 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പിലും സമാനമായ രീതിയില്‍ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടിയിരുന്നു. ജില്ലയില്‍ ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെയുള്ള പരിശോധന പോലീസ് ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.















