പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വര്‍ഷങ്ങളായി തുടരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ വെളിപ്പെടുത്തി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. പൂജകള്‍ക്കായി ഭക്തര്‍ നല്‍കുന്ന സാധനങ്ങളുടെ മറവില്‍ ചില ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ തട്ടിയതായാണ് കണ്ടെത്തല്‍. പത്ത് വര്‍ഷത്തിലേറെയായി തുടരുന്ന ഈ അഴിമതിയില്‍ വിവിധ കാലയളവുകളില്‍ സേവനമനുഷ്ഠിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശബരിമലയിലെ നിത്യപൂജകള്‍ക്കാവശ്യമായ അരി, ശര്‍ക്കര, നെയ്യ് ഉള്‍പ്പെടെയുള്ള 50-ഓളം ഇനം സാധനങ്ങള്‍ ഒരു സ്വകാര്യ വ്യക്തി സൗജന്യമായി എത്തിച്ചുനല്‍കുന്നതാണ് ക്രമക്കേടുകള്‍ക്ക് ആധാരമായത്.
പുറത്തുനിന്ന് സൗജന്യമായി ലഭിക്കുന്ന ഈ സാധനങ്ങള്‍ ദേവസ്വം സ്റ്റോറിലെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്താറില്ല. പകരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കീഴിലുള്ള പ്രത്യേക മുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സൗജന്യമായി കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് പൂജകള്‍ നടത്തുകയും, എന്നാല്‍ ഈ സാധനങ്ങള്‍ വാങ്ങിയെന്ന വ്യാജേന ദേവസ്വം ഫണ്ടില്‍ നിന്ന് തുക എഴുതിയെടുക്കുകയുമാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നത്. സഹസ്രകലശം, പടിപൂജ, ഉദയാസ്തമയപൂജ തുടങ്ങിയ പ്രധാന വഴിപാടുകളുടെ തുകയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.
ഇത് കൂടാതെ അഷ്ടാഭിഷേകത്തിലും വെട്ടിപ്പ് നടത്തിയിട്ടുണ്ട്. 6000 രൂപ ഈടാക്കുന്ന അഷ്ടാഭിഷേകത്തിന് ആവശ്യമായ സാധനങ്ങള്‍ സൗജന്യ സ്റ്റോക്കില്‍ നിന്ന് എടുക്കുകയും ബാക്കി തുക സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റുകയും ചെയ്തതായും വിജിലന്‍സ് കണ്ടെത്തി. അനധികൃത ഇടപെടലുകളുടെ പേരില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ വ്യക്തി തന്നെയാണ് ഇപ്പോഴും പൂജാസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാധനങ്ങള്‍ക്ക് ഗുണനിലവാര പരിശോധനയൊന്നും നടത്തിയിരുന്നില്ല എന്നതും ഗൗരവകരമായ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൃത്യമായി എത്ര തുകയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാകാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പ്രത്യേക പരിശോധന വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഹൈക്കോടതി സ്‌പെഷ്യല്‍ കമ്മീഷണറും സമാനമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. അഴിമതിയില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന.















