പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാരണവശാലും നടത്താന്‍ പാടില്ലാത്ത പരിപാടിയായിരുന്നു ഇതെന്നും പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകള്‍ക്ക് വിരുദ്ധമായ നീക്കമാണിതെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്‌ട്രീയമായ തിരിച്ചടികള്‍ക്ക് ഈ പരിപാടി കാരണമായതായും അംഗങ്ങള്‍ ആരോപിച്ചു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയര്‍ന്ന സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച അയഞ്ഞ നിലപാടിനെതിരെയും യോഗത്തില്‍ ചോദ്യങ്ങളുയര്‍ന്നു. ഇത്രയും ഗൗരവകരമായ അഴിമതി ആരോപണം ഉയര്‍ന്നിട്ടും പത്മകുമാറിനെതിരെ എന്ത് അച്ചടക്ക നടപടിയാണ് പാര്‍ട്ടി കൈക്കൊണ്ടതെന്ന് അംഗങ്ങള്‍ ആരാഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ നിശബ്ദത താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതിലുള്ള അതൃപ്തിക്കും ആശയക്കുഴപ്പത്തിനും വഴിവെച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചകളുണ്ടായി. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവും പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതുമായി ബന്ധപ്പെട്ട മുന്‍ തീരുമാനങ്ങളും ജില്ലാ സെക്രട്ടറിയേറ്റില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയിലെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് ജില്ലാ കമ്മിറ്റി ഗൗരവകരമായി വിലയിരുത്തിയത്.
തിരഞ്ഞെടുപ്പില്‍ അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത്തരം വിരുദ്ധ നിലപാടുകള്‍ പ്രതികൂലമായി ബാധിച്ചുവെന്നും വരും ദിവസങ്ങളില്‍ കൃത്യമായ തിരുത്തല്‍ നടപടികള്‍ വേണമെന്നുമാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന പൊതുവികാരം.















