തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങള്‍. ചടങ്ങ് കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ നേരിട്ട് വിലയിരുത്തി. പന്തല്‍ നിര്‍മ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ 12,000 പേര്‍ക്കായിരുന്ന സൗകര്യങ്ങള്‍ നിശ്ചയിച്ചിരുന്നതെങ്കിലും, പ്രവര്‍ത്തകരുടെ ആവേശം കണക്കിലെടുത്ത് 50,000 പേരെ ഉള്‍ക്കൊള്ളുന്ന വിപുലമായ പന്തലാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, പന്തളിനുള്ളില് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിക്കും. തമിഴ്നാട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക് അറിയിച്ചു. സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവര്‍ക്കും മന്ത്രിമാരുടെ വാഹനങ്ങള്‍ക്കുമായി പ്രത്യേക പാര്‍ക്കിംഗ് മേഖലകള്‍ തിരിച്ചു.
തീരദേശ മേഖലകളിലടക്കം നഗരത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക കണ്ട്രോള് റൂമും തുറന്നു. അത്യന്തം ആവേശകരമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചടങ്ങ് സുഗമമാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചു.















