ഗാന്ധിനഗര്‍: ആഗോളതലത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം പുകയുന്നതിനിടെ, ഇന്ത്യയുടെ പാചകവാതക ലഭ്യതയില്‍ ആശങ്കയൊഴിച്ച് ഭീമന്‍ എല്‍പിജി ടാങ്കര്‍ കപ്പലായ ‘സിമി’ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ സമുദ്രപാതകളില്‍ നിലനില്‍ക്കുന്ന കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് കപ്പല്‍ ദീന്‍ദയാല്‍ പോര്‍ട്ടില്‍ നങ്കൂരമിട്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസത്തിലേറെയായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമാണ്.
ഈ പ്രതിസന്ധി ഘട്ടത്തിലും അതീവ ജാഗ്രതയോടെ ഇന്ത്യയിലെത്തിയ 11-ാമത്തെ എല്‍പിജി ടാങ്കറാണ് സിമി. ഏകദേശം 20,000 ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ് (ലിക്വിഡ് പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍) കപ്പലിലുണ്ട്. യുക്രൈന്‍, ഫിലിപ്പൈന്‍സ് സ്വദേശികളായ 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യന്‍ നേവി, ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറല്‍, വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങള്‍ എന്നിവയുടെ സംയുക്ത ഏകോപനമാണ് കപ്പലിന്റെ യാത്ര സുരക്ഷിതമാക്കിയത്.
മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാക വഹിച്ച ഈ കപ്പല്‍ മെയ് 13-നാണ് നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടത്. അന്താരാഷ്‌ട്ര തലത്തില്‍ സമുദ്രപാതകളില്‍ തടസ്സങ്ങള്‍ നേരിടുമ്പോഴും, തന്ത്രപരമായ നീക്കങ്ങളിലൂടെ രാജ്യത്തേക്ക് ഇന്ധനമെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു എന്നതിന്റെ തെളിവാണ് സിമിയുടെ വരവ്. കപ്പല്‍ എത്തിയതോടെ വരും ദിവസങ്ങളില്‍ പാചകവാതക വിതരണത്തിലെ ആശങ്കകള്‍ക്ക് പരിഹാരമാകും.















